Monday, October 29, 2012

NRI കുട്ടായി

രാവിലത്തെ ഭക്ഷണത്തിനുശേഷം   കൊളസ്ട്രോളിനുള്ള ഗുളികയും കഴിച്ച് പാലായില്‍ പണിയുന്ന ഷോപ്പിംഗ്കോംപ്ലക്സിന്റെ പുരോഗതി അറിയാനായി കുട്ടായി ഫോണ്‍ കയ്യിലെടുത്തു .

 കമ്പിക്കും സിമെന്റിനും ഒക്കെ എന്താ വില മണലിന്റെ കാര്യമാണെങ്കില്‍ പറയാനുമില്ല ഇക്കണക്കിനു   നാട്ടില്‍ പോയാല്‍ എങ്ങനെ ജീവിക്കും , അതെന്താ മനുഷ്യാ നിങ്ങള്‍ നാട്ടില്‍ പോയി കമ്പിയും മണലുമാണോ തിന്നുന്നത്  ?  ജെസിയുടെ ചോദ്യം കേട്ട് കുട്ടായി പിറുപിറുത്തു കൊണ്ട് ബാത്ത്രൂം കഴുകാനായി അകത്തേക്ക് പോയി .

നിങ്ങളെ ദേ സജി വിളിക്കുന്നു , കുട്ടപ്പായിയുടെ വീട്ടില്‍ പാര്‍ട്ടിക്കു ചെല്ലുന്നില്ലെന്ന്‍ ? ഓ ഞാനത് മറന്നു , ഇന്ന്‍ കുട്ടപ്പായിയുടെ പത്താം വിവാഹവാർഷികമാ , ഞാന്‍ അവിടം വരെ ഒന്ന് പോയിട്ട് പെട്ടെന്നിങ്ങുവരാം , ദേ ഓവറാകരുതേ ,  ജെസി സ്നേഹപൂര്‍വ്വം ഓര്‍മിപ്പിച്ചു .

ഡാ കുട്ടായിയെ നീ എന്തിനാ ഇങ്ങനെ ആഴ്ച്ചയില്‍ ആറ് ദിവസം ജോലി ചെയ്തു കഷ്ട്ടപെടുന്നെ പാലായില്‍ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ പണിയുന്നു , കോട്ടയത്ത് വലിയ വീട് , നാട്ടില്‍ മേടിച്ചിട്ടിരിക്കുന്ന റബര്‍ തോട്ടം മാത്രം മതിയല്ലോ നിനക്ക് സുഖമായിട്ട് ജീവിക്കാന്‍ . നീ ഇങ്ങനെ തുപ്പല്‍ വിഴുങ്ങി ജീവിക്കാതെ നാട്ടില്‍ പോയി അടിച്ചുപൊളിച്ച് ജീവിക്ക് .

ഓ നിങ്ങളീ പറയുന്നതുപോലൊന്നുമില്ലെടാ സജിയെ , പെണ്ണുംബിള്ളക്കാണെങ്കിൽ ഓവര്‍ ടൈം ഒന്നുമില്ല , ഞാന്‍ ജോലി ചെയുന്ന റൊട്ടി കമ്പനിയിലാണെങ്കില്‍ ഈയിടെയായി വല്യ മെച്ചമൊന്നുമില്ല നാട്ടിലെ റബറിനാണെങ്കില്‍ പാല്‍ തീരെ കുറവാ , തൊലിപോലുള്ള മൂന്നോ നാലോ ഷീറ്റാ കിട്ടുന്നത് . നെപ്പോളിയന്‍ കണ്ണിമാങ്ങാ അച്ചാറും കൂട്ടി അടിക്കുന്നതിനിടയില്‍ കുട്ടായി പറഞ്ഞു . ആ കുട്ടായിയുടെ പിശുക്കും പന്നിയിറച്ചിയിലെ നെയ്യും കുറയാന്‍ ഇച്ചിരി പാടാ ,സജിയുടെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു .

   രാത്രി   മുഴുവന്‍ ഇരതേടിനടന്ന പന്നിയെലി വെളുപ്പാൻകാലത്ത് മാളത്തില്‍ കയറുന്നതുപോലെ 
കുട്ടായി വീട്ടില്‍ വന്നു കയറിയപ്പോഴും ജെസിയും കൂട്ടുകാരി എല്സമ്മയും തമ്മിലുള്ള ഫോണ്‍ വിളി കഴിഞ്ഞിരുന്നില്ല . രാവിലെ തൊട്ട് വൈകുന്നേരം വരെ ഒരേ ഹോസ്പിറ്റലില്‍ ജോലി , എന്നിട്ടും ഇവരുടെ പരദൂഷണം കഴിഞ്ഞില്ലേ , ഫുള്‍ടൈം ഡോക്ടർമാരുടെ കുറ്റം തന്നെ . ആ നമ്മളിത്തിരി വെള്ളമടിക്കുന്നു , അവരിത്തിരി പരദൂഷണം പറയുന്നു എന്തെങ്കിലും ആട്ടെ .

 ഇന്ന്‍ ലോക വയോജനദിനം , എഴുപതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കുമരകത്തെ തൊമ്മന്‍ ചേട്ടനും അന്നമ്മ ചേടത്തിക്കും പൗരസ്വീകരണം ദീപികയുടെ ഹെഡ്ഡിഗ് . ഹോ ഈ തൊമ്മന്‍ ചേട്ടനെ സമ്മതിക്കണം എഴുപതു വര്‍ഷമേ , ഇവിടെ അഞ്ചു വര്‍ഷം ആയപ്പോള്‍ തന്നെ ഗ്യാസ് പോയി. കുട്ടായിയുടെ ആത്മഗതം അല്പം ഉയർന്നു പോയി .



കൈതപ്പൂവിന്റെ നിറവും പാലപ്പൂവിന്റെ മണവുമാണെന്ന്‍ പറഞ്ഞ് എന്നെ വളച്ച് കല്യാണം കഴിച്ചിട്ട് ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ മടുത്തല്ലേ , കന്നു കയം കണ്ടതുപോലെ ഉള്ള കള്ള് മൊത്തം മോന്തിയേച്ച് , ഉണക്കപാളയില്‍ മൂത്രമൊഴിക്കുംപോലുള്ള വെടക്കു സ്വരത്തില്‍ പാട്ടുംപാടി പാതിരാത്രിക്ക് വീട്ടില്‍ വന്നു കയറുമ്പോള്‍ ഓർത്തോണം ഇവിടെ ഒരു കൊച്ച് വളര്‍ന്നുവരുന്നുണ്ടെന്ന്‍ . നിങ്ങളാ സോജനെ കണ്ടു പഠിക്ക് വെള്ളമടിയില്ല ചീട്ടുകളിയില്ല ഞായറാഴ്ച്ച പള്ളിയില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ , എന്തൊരു ചൈതന്യമാ ആ മുഖത്ത്  . നിങ്ങളിങ്ങനെ പൈസ പൈസ എന്ന് പറഞ്ഞ് പള്ളിയിൽപോക്കും ഭക്തിയും ഇല്ലാതെ കള്ളുംകുടിച്ച് നടന്നോ . അടുത്ത ആഴ്ച്ച നാട്ടില്‍നിന്നും വരുന്ന ചാമ്പക്കായില്‍ 
അച്ചന്റെ ധ്യാനം ഉണ്ട് . നിങ്ങളൊന്നു പോയി നന്നാവ്‌ .

.
എടി ....... മോളെ നീ എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ .എന്റെ റൊട്ടികമ്പനിയിലെ റൂമേനിയക്കാരി പെണ്ണിനെകാണുമ്പോള്‍ അവന്റെ മുഖത്തുള്ള ചൈതന്യം ഉണ്ടല്ലോ ഒരു ഒന്നൊന്നര ചൈതന്യമാ . ചൈതന്യം മൂത്ത് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം അവളുടെ കൂടെയാ, നിനക്ക് സമ്മതമാണെങ്കില്‍ ഞാനും എവിടുന്നെങ്ങിലും ഇച്ചിരി ചൈതന്യം വരുത്തിയേക്കാം . പിന്നെ നിനക്കറിയാല്ലോ എന്റെ റൊട്ടി കമ്പനിയിലെ അവിരാപാടന്‍ സണ്ണിയും , ഷാജിയും നാട്ടില്പോയെക്കുവാ ഈ രണ്ടുമാസത്തെ ഓവര്‍ ടൈം കൊണ്ട് നാട്ടിലെ വാര്‍ക്ക തീര്‍ക്കാം . ധ്യാനം പിന്നെയാണെങ്കിലുംവരും .


രാവിലെ കൂട്ടിക്കൂറാ പൗഡറുമിട്ട് സ്മാര്‍ട്ട്‌ ആയി ജോലിക്ക് പോയ കുട്ടായി വെറും കൂറയായി തിരിച്ചുവരുന്നതുകണ്ട് ജെസി ചോദിച്ചു എന്തുപറ്റി ? എടി എന്റെ കമ്പനിയിലെ പൈപ്പ് പൊട്ടി . കമ്പനി മൊത്തം വെള്ളത്തിലായി , ഇനി ഒരു വര്‍ഷം കഴിഞ്ഞേ തുറക്കൂ എന്നാ പറയുന്നത് ., ഞാന്‍ എന്നാ ചെയ്യുമെടി അടുത്ത ആഴ്ച്ചയാ വാര്‍ക്ക.......

ദൈവമേ പരിശുദ്ദാത്മാവ് പ്രാവിന്റെ രൂപത്തില്‍ വരുമെന്ന്‌ കേട്ടിട്ടുണ്ട് വെള്ളത്തിന്റെ രൂപത്തിലും വരുമെന്ന് ഇപ്പോഴാ മനസിലായത് ജെസി ചിരിച്ചുകൊണ്ട് പറഞ്ഞു  ...

3 comments:

  1. രിശുദ്ദാത്മാവ് പ്രാവിന്റെ രൂപത്തില്‍ വരുമെന്ന്‌ കേട്ടിട്ടുണ്ട് വെള്ളത്തിന്റെ രൂപത്തിലും വരുമെന്ന് ഇപ്പോഴാ മനസിലായത്

    കൊള്ളാം

    ReplyDelete
  2. സുമേഷെ ഇപ്പോൾ ഒന്നും എഴുതുന്നില്ലേ ....

    ReplyDelete
  3. ദൈവമേ പരിശുദ്ദാത്മാവ് പ്രാവിന്റെ രൂപത്തില്‍ വരുമെന്ന്‌ കേട്ടിട്ടുണ്ട് വെള്ളത്തിന്റെ രൂപത്തിലും വരുമെന്ന് ഇപ്പോഴാ മനസിലായത് ജെസി ചിരിച്ചുകൊണ്ട് പറഞ്ഞു ..

    നല്ല നർമ്മത്തിൽ ചാലിച്ചെഴുതിയിരിക്കുന്നു..
    നല്ല ഈസ്റ്റേൺ യൂറൊപ്പ്യൻ ചുള്ളത്തിമാരുൾലതുകൊണ്ടാണല്ലോ നമ്മളോക്കെ ഇവളുമാരെയൊക്കെ സഹിച്ച് ഇവിടെ നിൽക്കുന്നത് അല്ലേ ഭായ്

    ReplyDelete